കെഎസ്ആര്‍ടിസി ബസിലെ പ്രസവം;ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍; കുഞ്ഞിന് സ്‌നേഹ സമ്മാനം

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവസരോചിതമായി ബസ് ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് തൊട്ടില്‍പ്പാലത്തേയ്ക്ക് പോയ ബസില്‍ വച്ചായിരുന്നു യാത്രക്കാരിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ഉടന്‍തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് തിരിച്ചു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.തൃശൂര്‍ തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

അവസരോചിതമായ ഇടപെടലിന് കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം യൂണിറ്റിലെ ഡ്രൈവര്‍ എവി ഷിജിത്ത്, കണ്ടക്ടര്‍ ടിപി അജയന്‍ എന്നിവരെയാണ് ഗതാഗത മന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. അഭിനന്ദനാര്‍ഹവും മാതൃകാപരവുമായ സേവനം അനുഷ്ഠിച്ച ഇരുവര്‍ക്കും അഭിനന്ദന പത്രവും കെഎസ്ആര്‍ടിസിയുടെ സത്സേവന പുരസ്‌കാരവും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രിയുടെ സ്‌നേഹ സമ്മാനവും കൈമാറി. കെഎസ്ആര്‍ടിസി അധികൃതരാണ് ആശുപത്രിയിലെത്തി സമ്മാനം കൈമാറിയത്. കുഞ്ഞിനും അമ്മയ്ക്കും തുടര്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് അമല ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.