മീൻ പിടിക്കാനിറങ്ങി, ചിറ്റൂർ പുഴയിൽ കുടുങ്ങിയ കുട്ടികളെ കരയ്‌ക്കെത്തിച്ചു; ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം

പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ട് കുട്ടികളേയും കരയ്‌ക്കെത്തിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇക്കഴിഞ്ഞ ദിവസം അപകടമുണ്ടായ അതെ സ്ഥലത്താണ് വീണ്ടും കുട്ടികൾ കുടുങ്ങിയിരുന്നത്. ഇവർ മൂന്ന് പേരും സ്കൂൾ കുട്ടികളാണ്. അതേസമയം, ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലാണ് കുട്ടികൾ രക്ഷപ്പെട്ടത്.

മീൻ പിടിക്കാനിറങ്ങിയ 3 കുട്ടികളാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. ഇതിൽ ഒരാൾ പുഴയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ബാക്കി രണ്ട് പേരും പുഴയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. അതിസാഹസികമായി പുഴയിൽ ഏണിവെച്ചുകൊണ്ട് ഈ ഏണിയിലൂടെ കുട്ടികളെ കയറ്റി കരയിലെത്തിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ചിറ്റൂർ പുഴയുടെ നടുക്ക് നാല് പേർ കുടുങ്ങിയത്. കുളിക്കാനിറങ്ങിയ നാലു പേരാണ് കുടുങ്ങിയത്. മൂന്നു പുരുഷൻമാരും ഒരു വൃദ്ധയായ സ്ത്രീയുമായിരുന്നു ഉച്ചയോടെ ചിറ്റൂർ പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങിപോയത്. മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിലെ വെള്ളം ഉയരുകയായിരുന്നു. ഇതോടെയാണ് അപകടം. തുടർന്ന് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Read more