നേതൃത്വ നിലപാടുകളില്‍ വിയോജിപ്പ്; സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരും

കെപിസിസി മുന്‍ ഉപാദ്ധ്യക്ഷന്‍ സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ തലമുതിര്‍ന്ന നേതാവിന്റെ തീരുമാനം.

ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സിപിഎമ്മില്‍ ചേരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കാഞ്ഞങ്ങാട്ട് സി.പി.എമ്മിന്റെ ഔദ്യോഗിക സ്വീകരണം നടക്കും. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍.

നവംബര്‍ 17ന് പാര്‍ട്ടി വിടാനുള്ള തീരുമാനം പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിടാന്‍ നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

Read more

അടുത്തിടെ സികെ ശ്രീധരന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസോ ശ്രീധരനോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.