സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നു; ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ നാലിനു തുറക്കുന്നതിനു മുന്നോടിയായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്. കോവിഡ് പശ്ചാത്തലത്തിൽ  ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് പ്രിൻസിപ്പൽമാർ യോഗം ചേരുന്നത്.  രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം.  കോളജുകൾ തുറക്കുമ്പോൾ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട.

ഒരു ദിവസം പകുതി കുട്ടികൾ വീതമോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് നടത്താമെന്നാണ് സർക്കാർ നിലപാട്. ഇതിൽ പ്രിൻസിപ്പൽമാരുടെ അഭിപ്രായം തേടും. ഇതോടൊപ്പം കോളജുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ നടത്താനുള്ള സൗകര്യവും യോഗത്തിൽ ചർച്ചയാകും.

വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സിൻ എടുക്കണം. കോവിഡ് ഭേദപ്പെട്ടു മൂന്നു മാസം കഴിയാതെ വാക്സിൻ എടുക്കാനാവില്ല എന്നതിനാൽ അങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് ഇളവ് ഉണ്ടാകും.

Read more

കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നതിന്​ കുറച്ചുകൂടി സമയം വേണമെന്നതിനാൽ മറ്റ്​ സർവകലാശാലകൾക്ക്​ വിദൂര വിദ്യാഭ്യാസം സംവിധാനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഗവേഷകർക്ക്​ ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കും. അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസ് തുടങ്ങുക.