ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് നോട്ടീസ്. രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാനാണ് നോട്ടീസ് നല്‍കിയത്. നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. പരാതി ഉടന്‍ തീര്‍പ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
പിവി അന്‍വര്‍ എംഎല്‍എയുടെ കൈയില്‍ ഉള്ള മിച്ചഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് എംഎല്‍എയും കുടുംബവും ഭൂമി കൈവശം വെച്ചിരിക്കുന്നത് എന്നായിരുന്നു പരാതി. എന്നാല്‍ ഇത് സംബന്ധിച്ച് നടപടി പൂര്‍ത്തീകരിക്കാന്‍ സാവകാശം ആവശ്യപ്പെട്ട് താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയായിരുന്നു കോടതി ഉടന്‍ തീരുമാനം എടുക്കാന്‍ അറിയിച്ചത്.
Read more
ജനുവരി നാലിനാണ് കേസ് വീണ്ടും പരിഗണിക്കുക. അതിന് മുമ്പ് നടപടിയെടുക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവിട്ടത്. കേസില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാന്‍ നേരത്തെ പറഞ്ഞിരുന്നു. അധികഭൂമി തിരിച്ച് പിടിക്കാന്‍ ഹൈക്കോടതി മാര്‍ച്ച് 24 പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെവി ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിന്മേലാണ് പുതിയ നടപടി.