മത്സരിച്ചത് പിണറായിക്ക് എതിരെ; ചരിത്രവിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു: ഉമ തോമസ്

തൃക്കാക്കരയിലെ ചരിത്ര വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ജോ ജോസഫിന് എതിരെയല്ല മത്സരിച്ചത്. തന്റെ മത്സരം പിണറായി വിജയനും കൂട്ടര്‍ക്കും എതിരെ ആയിരുന്നു. ഈ വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനുള്ള കനത്ത തിരിച്ചടിയാണെന്നും വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുവെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

വിജയത്തിനായി പരിശ്രമിച്ച മുതിര്‍ന്ന നേതാക്കള്‍ മുതല്‍ അഞ്ച് രൂപ മെമ്പര്‍ഷിപ്പുള്ള സാധാരണ പ്രവര്‍ത്തകനോട് വരെ നന്ദിയുണ്ടെന്നും ഉമ തോമസ് പറഞ്ഞു. ഉമ തോമസിന്റെ വിജയത്തോടെ കെ കെ രമയ്ക്ക് പിന്നാലെ യുഡിഎഫിന് നിയമസഭയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചിരിക്കുകയാണ്.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം.

എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു.ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്

പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഉമാ തോമസാണ് മുന്നിട്ട് നിന്നിരുന്നത്. ആകെ പത്ത് വോട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു.

Read more

മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എല്‍ഡിഎഫിന് വേണ്ടി ജോ ജോസഫും ബിജെപിക്ക് വേണ്ടി എ എന്‍ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.