മൊഴികളില്‍ വൈരുദ്ധ്യം, അന്വേഷണ സംഘത്തെ കബളിപ്പിക്കാന്‍ നീക്കം ; എല്‍ദോസിന് എതിരെ ക്രൈംബ്രാഞ്ച്

ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ച്. യുവതിയെ കോവളത്തെത്തിച്ച സംഭവത്തിലുള്‍പ്പെടെ എല്‍ദോസിന്റെ വാദവും സാക്ഷിമൊഴികളും തമ്മില്‍ പ്രഥമദൃഷ്ട്യാ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. അന്വേഷണസംഘത്തെ എല്‍ദോസ് കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹൈക്കോടതിയെ അറിയിക്കും.

യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ എല്‍ദോസിനെ ഇന്നലെയും ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തോട് പൂര്‍ണമായ സഹകരണമുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കോവളത്ത് എം.എല്‍.എയോട് ഒപ്പമുണ്ടായിരുന്ന പിഎയുടെ മൊഴിയും എല്‍ദോസിന്റെ മൊഴിയും അന്വേഷണത്തെ സഹായിക്കുന്നതല്ല.

മനപൂര്‍വം മൊഴികള്‍ തെറ്റിച്ചുപറയുകയാണോ എന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. മൊഴികള്‍ വിശദമായി പരിശോധിക്കുകയും തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുകയും ചെയ്യും. ചോദ്യം ചെയ്യലിനോട് എല്‍ദോസ് സഹകരിക്കുന്നില്ലെന്ന നിലപാടില്‍ അന്വേഷണ സംഘം ഉറച്ചുനില്‍ക്കുകയാണ്.

ഇന്നലെ എല്‍ദോസിനെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. എല്‍ദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് പോകാന്‍ ഉപയോഗിച്ച സുഹൃത്ത് വിഷ്ണുവിന്റെ വാഹനവും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.