സ്വപ്‌ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം, സ്പ്രിഗ്ലര്‍ കരാര്‍ എന്നിവയില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി സിപിഐ. എല്ലാ സർക്കാർ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നു വരുന്നതിന് ഇടയാക്കുന്നു. ബിസിനസ് താത്പര്യം മാത്രമായിരിക്കും കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക് ഉണ്ടാവുകയെന്നും ലേഖനത്തില്‍ പറയുന്നു.
സ്പ്രിംഗ്ലര്‍ ഇടപാടുകള്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിംഗ്ലര്‍ വിഷയത്തില്‍ ഉണ്ടായത്. സര്‍ക്കാരിനോ ഇടത് മുന്നണിക്കോ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം എന്നും ലേഖനത്തില്‍ പറയുന്നു.
നേരത്തെ, സ്വര്‍ണ കടത്ത് കേസില്‍ സര്‍ക്കാരിനെ ലക്ഷ്യം വെച്ച് സിപിഐ മുഖപത്രത്തില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വര്‍ണ കടത്ത്, സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു വരണം എന്ന തലക്കെട്ടോടെയാണ് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
Read more
ഐടി വകുപ്പിലെ സ്വപ്‌നയുടെ പദവിയാണ് ആരോപണത്തിന് കാരണമായതെന്നും, ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വരാനുള്ള സാഹചര്യം പോലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്നും എഡിറ്റോറിയലില്‍ പറയുന്നു. സ്വര്‍ണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തുകൊണ്ടുവരാന്‍ നടപടികളുണ്ടാകണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെട്ടിരുന്നു.