പി കെ ശശിക്കെതിരെ അച്ചടക്ക നടപടി; രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുന്ന പി കെ ശശിയെ മാറ്റുന്ന കാര്യം സ‍ർക്കാർ തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പികെശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുൻപു സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയർമാൻ സ്ഥാനം നൽകിയത്.

അതേസമയം കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി കെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഐഎം സെക്രട്ടേറിയേറ്റിൽ നേരത്തെയും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരുന്നു. പി കെ ശശിയെ സിഐടിയു നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവും നടപടിക്ക് പിന്നാലെ ഉയർന്നിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവേക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ പി കെ ശശിയുടെ പ്രതികരണം.

Read more