'വോട്ടുചോര്‍ച്ചയില്ല, കൂടുകയാണ് ചെയ്തത്', യു.പ്രതിഭയുടെ ആരോപണം തള്ളി സി.പി.എം കായംകുളം ഏരിയ കമ്മിറ്റി

കായംകുളത്ത് വോട്ട് ചോര്‍ച്ചയെന്ന് കായംകുളം എം.എല്‍.എ യു.പ്രതിഭയുടെ ആരോപണങ്ങളെ തള്ളി സി.പി.എം ഏരിയ കമ്മിറ്റി. കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ല. വോട്ട് കൂടുകയാണ് ചെയ്തതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നു പോയത് കായംകുളത്തു നിന്നാണ് എന്നായിരുന്നു എം.എല്‍എയുടെ ആരോപണം. എന്നാല്‍ യു.പ്രതിഭയ്ക്ക് വോട്ട് കൂടുകയാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞു. 2016 ല്‍ 46.52 ശതമാനം വോട്ട് ലഭിച്ചിടത്ത്, 2021 ല്‍ 47.96 ശതമാനം വോട്ടാണ് ലഭിച്ചത്.

ബോധപൂര്‍വം തന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതു ദുരൂഹമാണെന്ന് യു.പ്രതിഭ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു. ഈ ആരോപണവും കമ്മിറ്റി തളളി. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ആളുകളെ എടുക്കുന്നത് നഗരസഭയാണ്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

ഇന്നലെയാണ് എം.എല്‍.എ സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല എന്നുമാണ് എം.എല്‍.എ ഫേ,സ്ബുക്കില്‍ കുറിച്ചത്.