ആദിവാസി യുവതിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായി പരാതി: സി.പി.എം നേതാക്കള്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതിന് ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവര്‍ അറസ്റ്റിലായി. ചാവടിയൂര്‍ സ്വദേശി തായമ്മയെ ആണ് പരാതിയുമായി എത്തിയത്. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

തായമ്മയെ ആശുപത്രിയില്‍ വെച്ച് സരസ്വതിയുടെ മകന്‍ പ്രവീണ്‍ ഉപദ്രവിച്ച സംഭവത്തിലും കേസുണ്ട്. പ്രവീണ്‍ ഒളിവിലാണ്. ജൂണ്‍ 13-നാണ് കേസിനാസ്പദമായ സംഭവം.

അതേസമയം ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകാമെന്നു പറഞ്ഞിട്ടും സരസ്വതിയെ രാത്രിയില്‍ മൂന്ന് വാഹനങ്ങളിലെത്തിയ പോലീസ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തെന്നാണ് സിപിഎം പറയുന്നത്. അന്യായമായാണ് കേസെടുത്തതെന്നും സി.പി.എം. ഏരിയാ കമ്മിറ്റി ആരോപിച്ചു.

Read more

എന്നാല്‍, കേസന്വേഷണവുമായി സഹകരിക്കാതെ വന്നപ്പോഴാണ് പ്രതികളായ സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എഎസ്പി നവനീത് ശര്‍മ പറഞ്ഞു. സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രവീണ്‍ ഒളിവില്‍ പോയതായും എ.എസ്.പി പറഞ്ഞു.