കൊച്ചിയില്‍ ദളിത് വനിതയായ സംരംഭകയെ ആക്രമിച്ച് സിഐടിയു പ്രവര്‍ത്തകര്‍. വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ പാചകവാതക വിതരണ കേന്ദ്രത്തിനു മുന്നില്‍ തൊഴിലാളി യൂണിയന് അംഗങ്ങളുടെ സമരത്തിനിടെയാണ് അക്രമം നടന്നത്. ഏജന്‍സി ഉടമയായ വനിതയെ പ്രകോപനം കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അതിക്രമം വീഡിയോയില്‍ ഷൂട്ട് ചെയ്ത ആളെയും തൊഴിലാളികള്‍ ആക്രമിച്ചു. യുവതിക്കെതിരെ തെറിവിളി ഉള്‍പ്പെടെ സിഐടിയു നേതാക്കള്‍ നടത്തി.
സ്ഥാപനം പൂട്ടിപ്പോയാല്‍ 20 കുടംബങ്ങള്‍ പട്ടിണിയാകുമെന്ന് സംരംഭക പറഞ്ഞെങ്കിലും ഇതൊന്നും ചെവികൊള്ളാന്‍ സമരക്കാര്‍ തയാറായില്ല. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണു ഞങ്ങളുടേത്. ഏജന്‍സി പൂട്ടി പോയാലും ജീവനക്കാര്‍ക്കു ജോലി കൊടുക്കുമെന്ന് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നതു പുറത്തുവന്ന വിഡിയോയിലുണ്ട്.
പട്ടിക വിഭാഗത്തില്പ്പെട്ടഏജന്സി ഉടമയായ വനിതയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മുനമ്പം പൊലീസ് കേസെടുത്തു. തൊഴിലാളികളുടെ സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് എ ആന്‍ഡ് ഡിഎ ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീറിനു മര്‍ദനമേറ്റെന്നാണ് പരാതി.
ഉമയെ പിടിച്ചു തള്ളിയെന്നും ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും പരാതി ഉയര്‍ന്നെങ്കിലും ആദ്യം കേസെടുക്കാന്‍ പോലീസ് തയാറായില്ല. ഇരുകൂട്ടരുടെയും വാക്കുതര്‍ക്കത്തിന്റെ വിഡിയോ വൈറലായതോടെയാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്. പിന്നാലെ പോലീസ് സുരക്ഷ തേടി ഏജന്‍സി ഉടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
മറ്റൊരു ഗ്യാസ് ഏജന്സിക്കാര് പ്രദേശത്തെ സിലിണ്ടര്‍ വിതരണത്തിനായി ഇതേ ഏജന്‍സിക്കാരെ ഏല്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അവിടെ ഗ്യാസ് വിതരണത്തിനു നാലു പേരെ താല്‍ക്കാലികമായി ഏജന്‍സി നിയോഗിച്ചു. ഇതിനിടെ ഗ്യാസ് വിതരണ കമ്പനി പ്രതിദിനം വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം കുറച്ചതോടെ താല്‍ക്കാലികമായി എടുത്ത തൊഴിലാളികള്‍ക്കു ജോലിയില്ലാതെയായി.
Read more
ഇവരെയും സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഏജന്‍സിയെ സമീപിച്ചെങ്കിലും തയാറായില്ല. ഇവരെ താല്‍ക്കാലികമായാണ് നിയമിച്ചതെന്നും അതിനാല്‍ സ്ഥിരപ്പെടുത്തല്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചു. തുടര്‍ന്ന് ഇതേ തൊഴിലാളികള്‍ സിഐടിയു യൂണിയനില്‍ ചേര്‍ന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നു. യൂണിയന് യൂണിറ്റ് ഉദ്ഘാടനം ഏജന്‍സിയില്‍ നടത്താന്‍ നേതാക്കള്‍ ഉപ്പെടെ എത്തിയതാണ് ഇന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തെങ്കിലും അക്രമികളെ പിടികൂടാന്‍ തയാറായിട്ടില്ല.