അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും കേസെടുത്തതില്‍ തൃപ്തിയുണ്ടെന്ന് അച്ഛന്‍ സജീവ്. നവംബര്‍ 15ന് ആയിരുന്നു പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് അമ്മു വീണ് മരിച്ചത്.

നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും അതിന് തെളിവാണ് തങ്ങള്‍ നല്‍കിയ രണ്ട് പരാതികളിലും നടപടി ഉണ്ടായതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കെട്ടിടത്തില്‍ നിന്നുവീണ അമ്മുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മതിയായ ചികിത്സ നല്‍കുന്നതിനും വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനും വൈകിയെന്ന് കാണിച്ചാണ് പിതാവ് പരാതി നല്‍കിയത്. ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു അമ്മു എ സജീവ്.

പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം സംഭവിച്ചത്. ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് അമ്മുവിന്റെ പിതാവ് സജീവ് നല്‍കിയ പരാതിയില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു.