മരണസംഖ്യ 106 ആയി ഉയര്‍ന്നു; പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം; വയനാടിന് വേണ്ടി കൈകോര്‍ത്ത് കേരളം

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 106 പേര്‍ മരിച്ചതായി റവന്യു വകുപ്പിന്റെ സ്ഥിരീകരണം. ഇതില്‍ 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 27 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇതുവരെ 128 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സ്ഥലത്ത് അഞ്ച് മന്ത്രിമാര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയ്‌ക്കൊപ്പം വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിന് കൈകോര്‍ക്കുന്നു. ജില്ലയില്‍ മാത്രമായി ഇതുവരെ 45 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 പേര്‍ നിലവില്‍ ക്യാമ്പുകളിലുണ്ട്. അതേസമയം സൈന്യം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.

സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ ആന്റ് റെസ്‌ക്യു, പൊലീസ്, സിവില്‍ ഡിഫന്‍സ്, ആപ്ദ മിത്ര അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ക്യാമ്പ് ചെയ്യുന്നു. പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ദുരന്തഭൂമിയിലേക്ക് രണ്ട് വാഹനങ്ങളിലായി 20,000 ലിറ്റര്‍ കുടിവെള്ളം എത്തിക്കും. ഇതോടൊപ്പം ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അവധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.