മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാം; മുന്നറിയിപ്പ് നൽകി ഐസർ മൊഹാലിയിലെ ഗവേഷകർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് മുന്നറിയിപ്പ് നൽകി ഐസർ മൊഹാലിയിലെ ഗവേഷകർ. ഉരുൾപൊട്ടലിൻ്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽപ്പുണ്ടെന്നും മണ്ണാകട്ടെ ഉറച്ചിട്ടുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വെള്ളരിമലയിൽ അതിശക്തമായ മഴപെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിലുള്ളത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടലുണ്ടായേക്കാമെന്നും ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.

പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത്. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് വിളിക്കുന്നത്. തുലാമഴ പടിവാതിൽക്കൽ നിൽക്കെ, പെരുമഴ പെയ്താൽ, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ മുന്നറിയിപ്പ്. അതേസമയം മതിയായ മുൻകരുതൽ എടുക്കണമെന്നും ഐസർ മൊഹാലിയിലെ ഗവേഷകരുടെ റിപ്പോർട്ടിൽ പറയുന്നു.

Read more