ചെകുത്താന്‍ രക്ഷതേടി ഹൈക്കോടതിയില്‍; പൊലീസ് നിരന്തരം ഉപദ്രവിക്കുന്നു, കോടതി ഇടപെടണമെന്ന് അജു അലക്‌സ്

ചെകുത്താനെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പൊലീസിനെതിരെ ഹൈക്കോടതിയില്‍. കേസില്‍ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് അജു അലക്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിയായിരുന്നു അജു അലക്സ്.

നിരന്തരം പൊലീസ് ഉപദ്രവിക്കുന്നുവെന്നും കോടതി ഇടപെട്ട് ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അജു അലക്‌സിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് വിജി അരുണ്‍ വിശദീകരണം തേടിയിട്ടുണ്ട്. വയനാട് ദുരന്തമുഖത്ത് ടെറിട്ടോറിയല്‍ ആര്‍മി യൂണിഫോമില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ആയിരുന്ന അജു അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.

യൂട്യൂബിലൂടെ ആയിരുന്നു അജു അലക്‌സ് മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ അന്നത്തെ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീഡിയോ ഇറങ്ങി മണിക്കൂറുകള്‍ക്കകം പൊലീസ് അജുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ അജു അലക്സ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പൊലീസ് തന്നെ ലോക്കപ്പിലാക്കി. കൊച്ചിയില്‍ നിന്നും തന്റെ ട്രൈപോഡ് മൈക്കുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. തനിക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തി എന്നുള്ളത് ഓര്‍ക്കുന്നില്ലെന്നുമായിരുന്നു അജു അലക്സിന്റെ പ്രതികരണം.

Read more