ധീരജിന്റെ കൊലപാതകം; നിഖില്‍ പൈലി ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം

ഇടുക്കിയില്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ നിഖില്‍ പൈലി ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം. കേസില്‍ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ഇടുക്കി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്വസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ആണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. നിഖില്‍ പൈലി അടക്കം എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ ഏഴാം പ്രതി ജസിന്‍ ജോയി, എട്ടാം പ്രതി അലന്‍ ബോബി എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read more

കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിക്ക് ജാമ്യം നിഷേധിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകമാണെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. ധീരജിനെ കുത്തിയതിന് ശേഷം രക്ഷപ്പെടുന്നതിനിടയില്‍ ഇടുക്കി കരിമണലില്‍ നിന്നാണ് ഒന്നാം പ്രതിയായ നിഖിലിനെ പിടികൂടിയത്.