'മധുവിന്റെ ശരീരത്തിലെ മുറിപ്പാടുകള്‍ കസ്റ്റഡി മര്‍ദ്ദനത്തിന്റേതല്ല', ഡോക്ടര്‍ കോടതിയില്‍

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിപ്പാടുകളും ചതവും കസ്റ്റഡിയില്‍ വെച്ച് സംഭവിച്ചതല്ലെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ എന്‍ എ ബലറാം. സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം വിസ്തരിക്കുമ്പോളാണ് ഇക്കാര്യം കോടതിയില്‍ പറഞ്ഞത്.

മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിപ്പാടുകള്‍ക്കും ചതവുകള്‍ക്കും പൊലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിന്റെ സ്വഭാവമല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. മധുവിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച മരക്കഷണങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. ഇത്തരം വടികൊണ്ടുള്ള പരിക്കുകള്‍ ആണോ എന്ന ചോദ്യത്തിന് ആകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി.

Read more

ലാത്തിക്ക് സമാനമായ വടികള്‍ കൊണ്ട് ആണോ എന്നു ചോദിച്ചപ്പോള്‍ ഡോക്ടര്‍ നിഷേധിച്ചുമില്ല. മധു കൊല്ലപ്പെട്ട് രണ്ടുനാള്‍ കഴിഞ്ഞാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇത് പരിക്കുകള്‍ അടയാളപ്പെടുത്താന്‍ തടസ്സമായോ എന്ന് പ്രതിഭാഗം അഭിഭാഷകന്‍ ടി ഷാജിത്ത് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ വിസ്താരം വൈകീട്ട് 5 മണി വരെ നീണ്ടു.