കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ആശങ്കയുടെ കനലുകൾ കോരി ഇട്ടുകൊണ്ടാവരുത് കെ.റെയിൽ പോലുള്ള ഒരു പദ്ധതിയും നടപ്പിലാക്കേണ്ടത് എന്ന് സന്തോഷ് ജോർജ് കുളങ്ങര. ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ കഴിയണം. കെ റെയിൽ പദ്ധതിയെക്കുറിച്ച് അവർക്ക് വിശദീകരിച്ച് കൊടുക്കാൻ കഴിയണം. അവരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി നൽകാൻ കഴിയണം. ഈ പദ്ധതികളൊന്നും ഭാവി തലമുറയ്ക്ക് ഒരു ബാധ്യത ആവില്ല എന്ന് അവർക്ക് ഉത്തരം നൽകേണ്ടത് ഉണ്ട് എന്നും സന്തോഷ് ജോർജ് കുളങ്ങര സഫാരി ടി.വിയിൽ പറഞ്ഞു.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ:
പലരും ഈ അടുത്ത കാലങ്ങളിൽ എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. എന്താണ് കെ റെയിലിനെ കുറിച്ച് താങ്കളുടെ അഭിപ്രായം. താങ്കൾ എന്താണ് അതിനെക്കുറിച്ച് ഒന്നും പറയാത്തത്. കെ റെയിൽ കേരളത്തിന് ആവശ്യമുള്ളതാണോ അതോ അനാവശ്യമാണോ താങ്കൾ ഈ ലോക യാത്രകൾ നടത്തിയതിന് ശേഷം താങ്കൾക്ക് എന്ത് തോന്നുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഞാൻ ഒന്നുറപ്പിച്ച് പറയാം ഞാൻ കെ റെയിൽ എന്ന ഒരു പദ്ധതി നടപ്പാവുമ്പോൾ വീട് നഷ്ടപ്പെടാൻ പോകുന്ന പുരയിടം നഷ്ടപ്പെടാൻ പോവുന്ന മനുഷ്യരുടെ ആകുലതകൾക്കൊപ്പം തന്നെയാണ്. അവരുടെ വേദനകൾ എനിക്കും മനസ്സിലാവുന്നുണ്ട്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഒരു വീട്ടിലേക്ക്, ചെറിയ ഒരു ഭൂമിയിലേക്ക് സ്വരൂപിച്ച് വച്ച ഒരാളുടെ അവന്റെ തൊഴിലിടത്തിന്റെ ഒക്കെ അന്തിമ ഒരു ദിവസമാകും എന്ന് തിരിച്ചറിയുന്ന ഒരാളുടെ ദുഃഖം ഞാൻ തിരിച്ചറിയുന്നുണ്ട്.
എന്നാൽ ലോകത്ത് എവിടെയും ഇത്തരത്തിൽ ഗതാഗത സംവിധാനങ്ങൾ പുതിയ നവീകരണ പ്രവർത്തനങ്ങൾ ഒക്കെ നടക്കുമ്പോൾ മനുഷ്യരുടെ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നുണ്ട്. എന്നാൽ അവിടെ അവർക്ക് വേദന കൂടാതെ അവരുടെ ജീവിതത്തെക്കുറിച്ച് ആശങ്കകൾ ഇല്ലാതെ അവിടെ നിന്ന് സന്തോഷത്തോടെ മാറിക്കൊടുക്കാൻ കഴിയുന്ന ഒരു സാഹചര്യം നമ്മൾ സൃഷ്ടിക്കേണ്ടത് ഉണ്ട്. അതിവേഗത്തിൽ കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്തുന്ന ഗതാഗത സംവിധാനങ്ങൾ തീർച്ചയായും നമുക്ക് ഉണ്ടായേ പറ്റൂ. അത് ഇന്ന് നമുക്ക് അത്ര ആവശ്യമുള്ളതായി തോന്നുന്നില്ലെങ്കിലും വരുന്ന തലമുറയ്ക്ക് നിർബന്ധമായും ആവശ്യമുള്ളോരു ഗതാഗത സംവിധാനം അത് തന്നെയാണ്. അതി വേഗത്തിൽ എത്തുന്ന ഗതാഗത സംവിധാനം. അത് ഹൈപ്പർ ലൂപ്പ് പോലെ ഇനി വരാനിരിക്കുന്ന ഒരു ടെക്നോളജി നമ്മൾ ആശ്രയിക്കുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം.
എന്നാൽ അതിന് സമയമായിട്ടില്ലെങ്കിൽ ഏറ്റവും മികച്ചതെന്ന് നമുക്ക് വിദഗ്ധരിൽ നിന്നും മനസ്സിലാക്കാവുന്ന അവരുടെ ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് നടപ്പാക്കാൻ കഴിയുന്ന ഏറ്റവും വേഗത്തിൽ ഉള്ള ഗതാഗത സംവിധാനങ്ങൾ വേണം. കാരണം എന്തുകൊണ്ടാണ് നമ്മുടെ അടുത്ത തലമുറ ജോലി ചെയ്യേണ്ടത് നമ്മുടെ ആ ഗ്രാമത്തിൽ തന്നെയാവില്ല. മറ്റൊരു നഗരത്തിൽ ആവാം ചിലപ്പോൾ ജോലി കിട്ടുന്നത് കൊച്ചിയിൽ ഉള്ള ഒരാൾക്ക് അല്ലെങ്കിൽ കോട്ടയത്ത് ഉള്ള ഒരാൾക്ക് തിരുവനന്തപുരത്ത് ആവാം കോഴിക്കോട്ടാവാം കണ്ണൂരാവാം തൃശൂർ ആവാം അല്ലെങ്കിൽ തൃശ്ശൂർ ഉള്ള ആൾക്ക് ജോലി ചെയ്യേണ്ടി വരുന്നത് തിരുവനന്തപുരത്ത് ആവാം. ഇന്ന് അത്ര അകലെ ജോലി ചെയ്യുന്ന ആളുകൾ വീട് ഉപേക്ഷിച്ച് മാതാപിതാക്കളെ ഉപേക്ഷിച്ച് അവിടേക്ക് പറിച്ച് നടപ്പെടുകയാണ്. അപ്പോൾ എല്ലാ ദിവസവും സ്വന്തം വീട്ടിലേക്ക് ജോലിക്കു ശേഷം മടങ്ങി വരൻ കഴിയുന്ന സാഹചര്യം വലിയൊരു ശതമാനത്തിന് ഉണ്ടാവുകയാണെങ്കിൽ വലിയ സാധ്യതകൾ ആണ് നാളെ ഉണ്ടാവുന്നത്. മാത്രവുമല്ല നിരവധിയായ വാണിജ്യ വ്യവസായ കുതിപ്പിന് ഒക്കെ സാധ്യത ഉണ്ട്. എന്നാൽ ഞാൻ ആദ്യം പറഞ്ഞത് തന്നെയാണ് പ്രധാന പ്രശനം ഇതാർക്ക് വേണ്ടിയാണു ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് കേരളത്തിലെ വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടിയാണു. ആ മനുഷ്യരുടെ മനസ്സിൽ ആശങ്കയുടെ കനലുകൾ കോരി ഇട്ടുകൊണ്ടാവരുത് ഇത്തരം ഒരു പദ്ധതിയും. അവരെ വിശ്വാസത്തിൽ എടുക്കാൻ കഴിയണം അവർക്കു വിശദീകരിച്ച് കൊടുക്കാൻ കഴിയണം അവരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി നൽകാൻ കഴിയണം. ഈ പദ്ധതികളൊന്നും ഭാവി തലമുറയ്ക്ക് ഒരു ബാധ്യത ആവില്ല എന്ന് അവർക്ക് ഉത്തരം നൽകേണ്ടത് ഉണ്ട്. അതിനു പറ്റുന്ന സാങ്കേതിക വിദഗ്ദ്ധർ നമുക്ക് ഉണ്ടല്ലോ.
Read more
തീർച്ചയായും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് ഇത്തരം ബ്രഹത്ത് പദ്ധതികൾ ഭാവിക്ക് വേണ്ടി ഉള്ള പദ്ധതികൾ കേരളത്തിൽ വരിക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. എന്നാൽ മനുഷ്യന്റെ കണ്ണീരിൽ നിന്നവരുത് ഒരു പദ്ധതിയും. മനുഷ്യന്റെ യാതനകളിൽ നിന്നും വേദനകളിൽ നിന്നും ആവരുത് ഒരു പദ്ധതിയും ഭാവിക്ക് വേണ്ടി ഉള്ള ഏത് വികസന പദ്ധതികൾക്ക് ഒപ്പം നിൽക്കുന്നൊരാളാണ് ഞാൻ. ലോകം മുഴുവൻ സഞ്ചരിച്ചതിൽ നിന്ന് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ മുതൽ ചൈനയിലെ നാനൂറ്റമ്പത് കിലോമീറ്ററിലേറെ വേഗതയിൽ യാത്ര ചെയ്യുന്ന ട്രൈയ്നുകളിൽ പോലും യാത്ര ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. അമേരിക്കയിലെ ഹൈസ്പീഡ് ട്രെയിനുകളിൽ യൂറോപ്പിലെ ടി .ജി.വി പോലുള്ള ട്രെയിനുകൾ ഒക്കെ കണ്ട എനിക്ക് പക്ഷെ അത് നമ്മുടെ ആളുകളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണം എന്നാണ് എന്റെ ഉറച്ച അഭിപ്രായം.