ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ നിന്ന് ഇന്ധനം എത്തിച്ച് നല്‍കുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി നടത്തിയ ചര്‍ച്ചയില്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമങ്ങളുണ്ടായതിന് പിന്നാലെയാണ് തീരുമാനം.

ഇന്ധനം എത്തിച്ച് നല്‍കുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ഒരു തുക ചായക്കാശായി കൊടുക്കാറുണ്ട്. 300 രൂപയായിരുന്നു ഇത്തരത്തില്‍ നല്‍കി വന്നിരുന്ന തുക. ഇത് ഉയര്‍ത്തണമെന്ന് ലോറി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധിക്കില്ലെന്ന നിലപാടായിരുന്നു അസോസിയേഷന്റേത്.

ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് എലത്തൂര്‍ എച്ച്പിസിഎല്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച കൈയാങ്കളിയിലേക്ക് വഴിമാറിയതോടെയാണ് പ്രതിഷേധവുമായി പമ്പുടമകള്‍ രംഗത്തെത്തിയത്.