'പിഎസ്‌സിയെ കരിവാരി തേക്കാൻ ശ്രമിക്കരുത്, ബാഹ്യഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി'; പാർട്ടി കോടതി വേണ്ടെന്ന് പ്രതിപക്ഷം

പിഎസ്‌സിയെ കരിവാരി തേക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സി കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ടിംഗ് ഏജൻസിയാണ് പിഎസ്‍സി എന്നും നിയമനത്തിൽ ബാഹ്യഇടപെടൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഇന്നും പിഎസ്‍സി കോഴ ആരോപണ വിവാദം നിയമസഭയിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇത് വരെ യാതൊരു തരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നത് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സർവീസ് അംഗങ്ങളുടെയും ചെയർമാന്റെയും നിയമനം 1957 ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോമ്പോസിഷൻ ആൻഡ് കണ്ടിഷൻസ് ഓഫ് സർവീസ് ഓഫ് മെംബേർഴ്‌സ് ആൻഡ് സ്റ്റാഫ് റെഗുലേഷൻ പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അംഗങ്ങളുടെയും ചെയർമാന്റെയും കാര്യത്തിൽ മന്ത്രിസഭ പരിഗണിച്ച് നൽകുന്ന ശുപാർശകളിൽ ഗവർണറുടെ അംഗീകാരത്തോടെയാണ് നിയമനം നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റതും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെയാണ് പബ്ലിക് സർവീസിലേക്കുള്ള നിയമനങ്ങൾ കമ്മീഷൻ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന പ്രകാരം കമ്മീഷൻ അതിന്റെ കർത്തവ്യങ്ങൾ കാര്യക്ഷമതയോടെ നിർവഹിച്ച് വരികയാണ്. അത്തരമൊരു ഭരണഘടന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിർഭാഗ്യകരമാണ്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വർത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടായതായി ഇതേവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‍സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്‍റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും സതീശൻ പറഞ്ഞു. പോലീസ് കേസ് എടുത്തു അന്വേഷിക്കണമെന്നും ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു.

പിഎസ്‍സി അംഗത്വം ലേലത്തിൽ വെക്കുന്നത് ആദ്യ സംഭവം അല്ലെന്നും കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവർത്തിക്കുന്നു എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എന്ത് വിശ്വാസ്യതയാണ് പിഎസ്‌സിക്ക് ഉള്ളതെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിലെ ആഭ്യന്തര കാര്യം അല്ല ഇത്. ഇത് പാർട്ടിക്കാര്യം പോലെ കൈകാര്യം ചെയ്യുകയാണ്. എന്ത് കൊണ്ട് പരാതി പോലീസിന് കൈ മാറുന്നില്ലെന്ന് ചോദിച്ച സതീശൻ പാർട്ടി കോടതി അല്ല തീരുമാനിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം പിഎസ്‌സി അംഗത്വം നല്‍കാന്‍ സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവുമില്ലെന്ന് പി മോഹനന്‍ പറഞ്ഞു. എന്തെങ്കിലും കോലാഹലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മോഹനന്‍ വ്യക്തമാക്കി.

പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം കോഴ വാങ്ങിയെന്നാണ് സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെയുള്ള ആരോപണം. കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് പണം വാങ്ങിയതായി ആരോപണം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇയാള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്.

60 ലക്ഷം രൂപയ്ക്കാണ് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്തത്. ഇതില്‍ ആദ്യ തവണയായി 22 ലക്ഷം കൈമാറുകയായിരുന്നു. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പരാതിക്കാരന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആയുഷ് വകുപ്പില്‍ ഉന്നത സ്ഥാനം വാഗ്ദാനം ചെയ്ത് പരാതിക്കാരനെ അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ ആയുഷ് വകുപ്പിലും സ്ഥാനം ലഭിക്കാതായതോടെയാണ് പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.