ഇതാണ് എന്റെ ഐഡി; എഐസിസി വക്താവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തുവിട്ട് ഷമ മുഹമ്മദ്; ആരുമല്ലെന്ന് പരാമര്‍ശത്തില്‍ കെ. സുധാകരന് മറുപടി

വടകര സീറ്റില്‍ ഉടക്കിട്ട ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റ പരാമര്‍ശത്തിന് മറുപടി. കോണ്‍ഗ്രസിന്റെ ഐഡിക്കാര്‍ഡ് പുറത്തുവിട്ടാണ് സുധാകരനുള്ള മറുപടി ഷമ നല്‍കിയിരിക്കുന്നത്. താന്‍ എഐസിസി വക്താവാണെന്ന് കാണിക്കുന്ന ഐഡി ഫേസ്ബുക്ക് പേജില്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘മൈ ഐഡി’ എന്ന കുറിപ്പോടെയാണ് പോസ്റ്റിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന ഷമയുടെ വിമര്‍ശനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശം.

ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല. വിമര്‍ശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്നും സുധാകരന്‍ തുറന്നടിച്ചു. വനിതാ ബില്‍ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്.

നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോല്‍ക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുധാകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

മലബാര്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടും വടകര മണ്ഡലത്തില്‍ പരിഗണിക്കാത്തതിലെ അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്. ഷാഫി പറമ്പില്‍ പാലക്കാട്ട് നിന്നും വടകരയില്‍ എത്തി മത്സരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഷമ മുഹമ്മദ് രംഗത്ത് എത്തിയിരിക്കുന്നത്. പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഒരു മികച്ച സ്ഥാനാര്‍ഥിയാണ്. പക്ഷേ അദ്ദേഹം ഒരു സിറ്റിങ് എംഎല്‍എയാണ്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു.

Read more

കോണ്‍ഗ്രസില്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. സത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ല. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉണ്ടാക്കണം എന്നായിരുന്നു രാഹുല്‍ഗാന്ധി പറഞ്ഞത്. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ പക്ഷേ അത് ഒന്നായി കുറഞ്ഞു. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.