ഡ്രെഡ്ജർ അഴിമതി കേസ്; ജേക്കബ് തോമസിന് എതിരായ എഫ്.ഐ.ആർ റദ്ദാക്കി ഹൈക്കോടതി

ഡ്രെഡ്ജർ അഴിമതി കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി.  ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഡ്രെഡ്ജര്‍ വാങ്ങാന്‍ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടി രൂപയാണ് അനുവദിച്ചതെങ്കിലും 19 കോടി രൂപയ്ക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. കൂടാതെ ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിക്ക് ടെൻഡർ നൽകി എന്നും ആരോപണം ഉയർന്നു.

ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് മുമ്പ് സര്‍ക്കാര്‍ തള്ളിയതായിരുന്നു. ഇതേ ആരോപണങ്ങള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. വിജിലന്‍ന്‍സ് പ്രാഥമിക അന്വേഷണം നടത്തി തള്ളിയ ആരോപണത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഇടത് സർക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞതോടെയാണ് 2019 ജൂലായിൽ റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണമുണ്ടായതും എഫ്‌ഐആര്‍ സമര്‍പ്പിച്ചതും.