ഷൂട്ടിംഗിനിടെ കാർ തലകീഴായി മറിഞ്ഞു; അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ, അറസ്റ്റ് രേഖപ്പെടുത്തും

കൊച്ചിയിൽ ഷൂട്ടിംഗിനിടെ ഉണ്ടായ കാറപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കി പൊലീസ്. സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തലിൽ വ്യക്തമായി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പുലർച്ചെ ഒന്നരയോടെ എംജി റോഡിൽ അപകടം ഉണ്ടായത്. സംഭവത്തിൽ നടൻ അർജുൻ അശോകനും സംഗീത് പ്രതാപും അടക്കം 5 പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. അപകടത്തിപെട്ട കാർ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിരുന്നു.

അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെയായിരുന്നു കാർ ബൈക്കിലിടിച്ച് മറിഞ്ഞത്. സ്റ്റണ്ട് മാസ്റ്ററാണ് കാറോടിച്ചത്. സംഭവത്തിൽ അമിതവേഗത്തിൽ കാർ ഓടിച്ചതിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Read more