ഇലന്തൂര്‍ നരബലി: കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിയും തന്നെ; മൃതദേഹഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്കിരയായത് തമിഴ്നാട് സ്വദേശി പത്മയും കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് മൃതദേഹഭാഗങ്ങള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് ഉറപ്പിച്ചത്.

ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചത്. ഡി.എന്‍.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കിട്ടും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇലന്തൂരിലെ ഇരട്ട നരബലി ലോകമറിഞ്ഞിട്ട് ഒരു മാസം പിന്നിടുകയാണ്. രണ്ടാം പ്രതിയായ ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഭവ വികാസങ്ങള്‍ നടന്നിരുന്നത്. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങള്‍. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല.

ലഭിച്ചവയില്‍ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാല്‍ ഡി.എന്‍.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇലന്തൂരില്‍ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പായി.

മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരന്‍. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്.