മൊബൈൽ ഫോണുകളിൽ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും; പേടിക്കേണ്ട, ഇതാണ് കാരണം

നിങ്ങളുടെ മൊബൈൽ ഫോണുകളിൽ നാളെ വലിയ ബീപ്പ് ശബ്ദത്തോടെ സന്ദേശം വരും. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ബീപ്പ് ശബ്ദത്തോടെ എത്തുന്ന എമർജൻസി അലേർട്ട് പ്രക‍ൃതി ദുരന്തങ്ങൾ അടിയന്തരമായി അറിയിക്കാനുള്ള സംവിധനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. പകല്‍ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെയായിരിക്കും കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളിൽ അലേർട്ട് എത്തുക.

മൊബൈൽ ഫോണിലൂടെ ദുരന്തങ്ങൾ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും ഇതെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലേർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്.

ഇതിനോടകംതന്നെ പലരുടെയും മൊബൈൽ ഫോണുകളിൽ എമർജൻസി അലേർട്ട് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ എസ്എംഎസ് സന്ദേശം എത്തിയിട്ടുണ്ട്. ഒക്ടോബർ മുതൽ അപകടമുന്നറിയിപ്പുകൾ ഇത്തരത്തിൽ ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

Read more

മൊബൈൽ ഫോണിന് പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലേർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. മുൻപും ഇത്തരത്തിൽ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.