കാത്തിരിപ്പിന് വിരാമം, കണ്ണീരോര്‍മ്മയായി സുഹൈല്‍; ഏറ്റുമാനൂരിനെ സങ്കടക്കടലിലാഴ്ത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി

കോട്ടയം ഏറ്റുമാനൂരില്‍ നിന്ന് കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ഏറ്റുമാനൂര്‍ ജനറല്‍ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകന്‍ സുഹൈല്‍ നൗഷാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സുഹൈല്‍.

ഞായറാഴ്ച രാവിലെ പേരൂരില്‍ മീനച്ചിലാറ്റിലിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതലാണ് സുഹൈലിനെ കാണാതായത്. ഏറ്റുമാനൂരില്‍ ബസ് ഇറങ്ങേണ്ട സുഹൈല്‍ വ്യാഴാഴ്ച പൂവത്തുമ്മൂട് ഭാഗത്തായിരുന്നു ബസിറങ്ങിയത്. പൂവത്തുമ്മൂട് പ്രദേശത്ത് കൂടി സുഹൈല്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും സുഹൈലിനെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Read more