സി.പി.എം ഓഫീസ് ആക്രമണം ആസൂത്രിതമെന്ന് ഇ.പി ജയരാജന്‍, ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്ന് റിയാസ്

തിരുവനന്തപുരത്ത് സി.പി.എം ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി സമാധാനം തകര്‍ക്കുകയാണ്. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്എസുകാര്‍ ആക്രമണമുണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ പ്രകോരനത്തില്‍ വീഴരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനാണ് ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടര്‍ഭരണം ദഹിക്കാത്ത ആളുകളാണ് ആക്രമത്തിന് പിന്നിലെന്നും റിയാസ് പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മൂന്ന് ബൈക്കുകളിലായെത്തിയ ഒന്‍പതംഗ സംഘമാണ് ആക്രമിച്ചത്. പൊലീസ് പിന്തുടര്‍ന്നതു കാരണം കൂടുതല്‍ ആക്രമണം ഒഴിവായി. വഞ്ചിയൂരില്‍ എല്‍ഡിഎഫ് ജാഥയ്ക്കു നേരെയും ആര്‍എസ്എസ് ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റില്‍ കല്ല് കൊണ്ടു. അക്രമികള്‍ ബൈക്ക് നിര്‍ത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാര്‍ പറയുന്നത്.

Read more

ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവല്‍ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു.