ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല; കുടുംബാധിപത്യമാണ് ഇപ്പോള്‍ സിപിഎമ്മിലെന്ന് കെ സുരേന്ദ്രന്‍

ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 52 വെട്ടുവെട്ടി ഇനി ആരെയും ഇല്ലാതാക്കാന്‍ സിപിഎമ്മിന് സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സത്യം തുറന്നുപറഞ്ഞതിന് ഇപിയെ അഭിനന്ദിക്കുന്നു. പിണറായിയുടെ കുടുംബാധിപത്യമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അധികാരം മരുമകനിലേക്ക് കൈമാറാനാണ് പിണറായി ശ്രമിക്കുന്നത്. എംഎ ബേബി, ജി സുധാകരന്‍, തോമസ് ഐസക്ക്, കെകെ ശൈലജ തുടങ്ങിയ പ്രധാന നേതാക്കളെ സിപിഎം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എല്ലാം മരുമകന് വേണ്ടിയാണ്. സമ്പൂര്‍ണ തകര്‍ച്ചയിലേക്കാണ് സിപിഎം പോകുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന് ഇടത് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപിയെ മാറ്റിയത് നീതി നിഷേധമാണ്. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ ജാവ്‌ദേക്കര്‍ കണ്ടെന്നാണ് ഇപി പറയുന്നത്. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇപി പറഞ്ഞത് നാട്ടുകാരുടെ അഭിപ്രായമാണ്. സിഎഎയുടെ കാലത്ത് ഭൂരിപക്ഷ സമുദായത്തിന് ചികിത്സയില്ലെന്ന ബോര്‍ഡ് വീട്ടില്‍ തൂക്കിയ വ്യക്തിയാണ് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ അയാള്‍ ചന്ദനക്കുറിയും തൊട്ട് ഷാളുമിട്ട് അമ്പലങ്ങളിലും അഗ്രഹാരങ്ങളിലും കയറി ഇറങ്ങുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.