കേരളം, ലോക സര്‍വകലാശാലകളുടെ പാതയിലെന്ന് മന്ത്രി; തൊഴിലിനും ഗവേഷണത്തിനും തുല്യ ഊന്നല്‍ നല്‍കും; മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ആര്‍ ബിന്ദു

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രവും സമൂലവുമായ മാറ്റങ്ങളിലൂടെ മുന്നേറുകയാണെന്ന് ഉന്നത വിദി്യഭ്യാസമന്ത്രി ആര്‍ ബിന്ദു. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയസമൂഹത്തെ നവ വൈജ്ഞാനികസമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കി നാം പ്രാഥമികവിദ്യാഭ്യാസ മേഖലയില്‍ സാക്ഷാല്‍ക്കരിച്ച മാറ്റങ്ങള്‍ – ഗുണനിലവാര വര്‍ധനയും പശ്ചാത്തല സൗകര്യവികസനങ്ങളിലെ മികവും – ലോകശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി, പുത്തന്‍ വൈജ്ഞാനിക സമൂഹസൃഷ്ടിയെ മുന്നില്‍നിന്ന് നയിക്കേണ്ടവരെന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.

നേട്ടങ്ങളില്‍ കാലുറപ്പിച്ച് മുന്നോട്ട്

ജനപക്ഷ വൈജ്ഞാനികസമൂഹം (പീപ്പിള്‍ ഓറിയന്റഡ് നോളജ് സൊസൈറ്റി) ആയി കേരളീയ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന കാഴ്ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ദേശീയതലത്തിലുള്ള ഗുണനിലവാര പരിശോധനാ ഫലങ്ങളെടുത്താല്‍, നാക് അക്രെഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസും എ പ്ലസും എ ഗ്രേഡും നേടി കേരളത്തിലെ സര്‍വകലാശാലകളും കലാലയങ്ങളും അവയുടെ ജൈത്രയാത്രകള്‍ക്ക് തുടക്കമിട്ടതു കാണാം. നാക് അക്രെഡിറ്റേഷനില്‍ കേരള സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും എ ഡബിള്‍ പ്ലസും കലിക്കറ്റ്, കാലടി, കുസാറ്റ് സര്‍വകലാശാലകള്‍ എ പ്ലസും നേടി. ഇരുപതോളം കലാലയങ്ങള്‍ ഇതിനകം എ ഡബിള്‍ പ്ലസ് നേടി. 31 കലാലയം എ പ്ലസ് കരസ്ഥമാക്കി. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യ 200 സ്ഥാനങ്ങളില്‍ കേരളത്തിലെ 42 കോളേജുണ്ട്. രാജ്യത്തെ ഏറ്റവും മികവാര്‍ന്ന കോളേജുകളില്‍ 21 ശതമാനം കേരളത്തില്‍നിന്നാണെന്ന അഭിമാനകരമായ നേട്ടമാണിത്.

തൊഴിലിനും ഗവേഷണത്തിനും തുല്യ ഊന്നല്‍

നേട്ടങ്ങളുടെ ഈ ഗ്രാഫ് വീണ്ടുമുയര്‍ത്തി അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് നമ്മുടെ കലാലയങ്ങളെയാകെ ഉയര്‍ത്തുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി, ലോകമെമ്പാടും സര്‍വകലാശാലകള്‍ പിന്തുടരുന്ന നാലുവര്‍ഷ ബിരുദ സംവിധാനത്തിലേക്ക് കേരളവും പ്രവേശിക്കുകയാണ്. ഒരേ സമയം തൊഴില്‍ലഭ്യത ഉറപ്പുവരുത്താനും ഗവേഷണതാല്‍പ്പര്യങ്ങള്‍ വികസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദ്വിമുഖമായ സമീപനമാണ് ഈ മാറ്റങ്ങളുടെ കാതല്‍. ഗവേഷണത്തില്‍ ഊന്നിയുള്ള പഠനത്തിന് ബിരുദതലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതാദ്യമായി അവസരം തുറക്കുകയാണ് കേരളം. സാര്‍വദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാര വര്‍ധനയിലേക്കും മികവിലേക്കും കേരളീയ കലാലയങ്ങളെ വളര്‍ത്തലാണിതിന്റെ പ്രധാനലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നിയോഗിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമീഷനുകളുടെ കാതലായ നിര്‍ദേശങ്ങള്‍ ആധാരമാക്കിയാണ് ഈ മാറ്റങ്ങള്‍.
പാഠ്യവിഷയങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം, സര്‍വകലാശാലകളില്‍നിന്ന് നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നിലകൂടി ഇത് കൊണ്ടുവരും. ഇവിടെനിന്ന് ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നവര്‍ വീണ്ടും ബിരുദമെടുക്കേണ്ടിവരുന്ന നില ഇനി അവസാനിക്കും. അങ്ങനെ, മറ്റു ലോകരാജ്യങ്ങളിലെ ബിരുദ പ്രോഗ്രാമുകളുമായി ഘടനാപരമായ തുല്യത ഉറപ്പാക്കുകയാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം വഴി.

യുവതീയുവാക്കള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ തൊഴില്‍സാധ്യതകളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാന്‍ സാഹചര്യമൊരുക്കല്‍; ഒപ്പം, ഗവേഷണാത്മക പ്രവര്‍ത്തനങ്ങളിലേക്ക് പോകാന്‍ തല്‍പ്പരരായവര്‍ക്ക് അതിനുള്ള സാധ്യതയും ബിരുദപഠനകാലത്തുതന്നെ ഉണ്ടാക്കല്‍. ഈ രണ്ടു ലക്ഷ്യങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് നാലുവര്‍ഷ ബിരുദ പരിപാടി. ഇതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വര്‍ക്കിന് രൂപം നല്‍കി. സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ മാതൃകാചട്ടക്കൂടിനെ ഓരോ സര്‍വകലാശാലയും അതതിന്റെ ജൈവസ്വഭാവത്തിനും സവിശേഷതകള്‍ക്കും ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു. ഓരോ സര്‍വകലാശാലയും അങ്ങനെ പുതിയ കരിക്കുലം രൂപീകരിക്കുകയും ആ കരിക്കുലത്തിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിന്റെയും സിലബസുകള്‍ തയ്യാറാക്കുകയും ചെയ്തു. തുടര്‍ന്നാണ് ഈ അക്കാദമികവര്‍ഷം നാലുവര്‍ഷ യുജി പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നത്.
തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണ പ്രവര്‍ത്തനങ്ങളും സംയോജിക്കുംവിധം നമ്മുടെ ക്യാമ്പസ് അന്തരീക്ഷം സര്‍ഗാത്മകമായി മാറ്റുന്നതാണ് പുതിയ നാലുവര്‍ഷ ബിരുദ പരിപാടി. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന യുക്തിബോധത്തിന്റെയും ശാസ്ത്രീയചിന്തയുടെയും അടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങളും സമഗ്രമായി പഠിക്കാനാകുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കുന്നത്.
മൂന്നുവര്‍ഷത്തെ ബിരുദ കോഴ്സ് ഒരുവര്‍ഷംകൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായിട്ടല്ല നാലുവര്‍ഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു വര്‍ഷത്തെ ബിരുദം, നാലു വര്‍ഷത്തെ ഓണേഴ്സ് ബിരുദം, നാലു വര്‍ഷത്തെ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്സുകള്‍. മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദത്തോടെ പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും നാലുവര്‍ഷ പഠനം തെരഞ്ഞെടുക്കുന്നവര്‍ക്ക് അവരുടെ അഭിരുചിയനുസരിച്ച് ഓണേഴ്സ് ബിരുദവും ഓണേഴ്സ് വിത്ത് റിസര്‍ച്ചും ഇനി ലഭിക്കും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ എക്സിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് ബിഎ/ബിഎസ്സി/ ബികോം ബിരുദങ്ങള്‍ നേടാം. ഇവര്‍ക്ക് രണ്ടു വര്‍ഷത്തെ പിജിക്ക് ചേര്‍ന്ന് പഠിക്കാനുമാകും.

ഓണേഴ്സ് ബിരുദം തെരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിക്കാം. നാലാം വര്‍ഷത്തെ ആദ്യ സെമസ്റ്റര്‍ റെഗുലര്‍ ക്ലാസും അവസാന സെമസ്റ്റര്‍ പൂര്‍ണമായും പ്രോജക്ടും ഇന്റേണ്‍ഷിപ്പും ആയിരിക്കും. തൊഴില്‍ താല്‍പ്പര്യമനുസരിച്ച് എവിടെ വേണമെങ്കിലും പ്രോജക്ടും ഇന്റേണ്‍ഷിപ്പും ചെയ്യാം. പ്രോജക്ടും ഇന്റേണ്‍ഷിപ്പും താല്‍പ്പര്യമില്ലാത്തവര്‍ക്ക് മൂന്നു ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയാലും മതിയാകും. നാലുവര്‍ഷ ഓണേഴ്സ് ബിരുദം നേടിയവര്‍ക്ക് തുടര്‍ന്ന് ഒരുവര്‍ഷത്തെ പഠനത്തിലൂടെ പിജി നേടാനുമാകും. പിജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയാകും അവര്‍ക്ക്. മൂന്നു വര്‍ഷത്തെ പഠനത്തില്‍ 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് നാലുവര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദത്തിനു ചേരാം. ഗവേഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായാണിത്. ഇവര്‍ക്ക് നേരിട്ട് പിഎച്ച്ഡിക്ക് ചേരാനും ‘നെറ്റ്’ എഴുതാനും സാധിക്കും.

മൂന്നുവര്‍ഷത്തില്‍ 133 ക്രെഡിറ്റ് നേടിയാല്‍ ബിരുദവും നാലുവര്‍ഷത്തില്‍ 177 ക്രെഡിറ്റ് നേടിയാല്‍ ഓണേഴ്‌സും ലഭിക്കുന്നതാണ് പുതിയ സംവിധാനം. മേജര്‍ കോഴ്‌സുകളുടെ (നിലവിലെ സംവിധാനത്തിലെ ‘മെയിന്‍’) അനുബന്ധ വിഷയങ്ങളോ വ്യത്യസ്തമായ വിഷയങ്ങളോ മൈനര്‍ കോഴ്സായി (നിലവിലെ സംവിധാനത്തിലെ ‘സബ്സിഡിയറി’) തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത മൈനര്‍ കോഴ്സുകള്‍ മൂന്നാം സെമസ്റ്ററില്‍ വേണമെങ്കില്‍ മേജര്‍ കോഴ്സാക്കി മാറ്റി പ്രോഗ്രാംതന്നെ മാറ്റാനും അവസരമുണ്ട്.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്ധമായ അനുവര്‍ത്തനമല്ല, സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് ആവശ്യത്തിന് മാറ്റം വരുത്തിയാണ് നാലുവര്‍ഷ ബിരുദ പരിപാടി നടപ്പാക്കുന്നത്. പെഡഗോഗിക്കു പകരം ആന്‍ഡ്രാഗോഗി എന്ന ആശയമാണ് പുതിയ സംവിധാനത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. ക്ലാസ് റൂമുകള്‍ സംവാദാത്മകമാക്കിക്കൊണ്ട്, പഠനരീതിയിലും അധ്യയന രീതിയിലും ഇത് മാറ്റമുണ്ടാക്കും.

ബ്രേക്ക് എടുക്കാം, സര്‍വകലാശാല മാറാം

പഠനത്തിനിടയ്ക്ക് ബ്രേക്ക് എടുക്കാന്‍ അവസരം നല്‍കിക്കൊണ്ടുകൂടിയാണ് പുതിയ കരിക്കുലം ഘടന. മൂന്നു വര്‍ഷത്തിനുശേഷം തിരിച്ചുവന്ന് ബിരുദപഠനം പൂര്‍ത്തിയാക്കാനും അവസരം ഉണ്ട്. ബ്രേക്ക് എടുക്കുന്ന സമയംവരെ അവര്‍ ആര്‍ജിച്ച ക്രെഡിറ്റ് അവരുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും, അതിനുള്ള ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഈ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റിലുള്ള ക്രെഡിറ്റിന് ഏഴു വര്‍ഷംവരെ പ്രാബല്യം ഉണ്ടാകും. ഇക്കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഈ ക്രെഡിറ്റ് അവര്‍ക്ക് ബിരുദപഠനം പൂര്‍ത്തിയാക്കാനോ മറ്റു പ്രോഗ്രാമുകളിലേക്കോ സര്‍വകലാശാലകളിലേക്കോ കൈമാറ്റം ചെയ്ത് അവിടെനിന്ന് പഠനം പൂര്‍ത്തീകരിക്കാനോ ഉപയോഗിക്കാനാകും. യൂറോപ്യന്‍, അമേരിക്കന്‍, യുകെ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനങ്ങളുമായെല്ലാം ക്രെഡിറ്റ് കൈമാറ്റം എളുപ്പമാകുന്ന രീതിയിലാണ് പുതിയ സംവിധാനം. ഓണ്‍ലൈനായോ വിദൂരവിദ്യാഭ്യാസ രീതിയിലോ വിദേശ സര്‍വകലാശാലകളില്‍നിന്നടക്കം ക്രെഡിറ്റുകള്‍ നേടാന്‍ അവസരം ലഭിക്കും.
കൂടുതല്‍ അനുഭവോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കില്‍ ഗ്യാപ് നികത്താനുതകുന്ന വിധത്തില്‍ സ്‌കില്‍ കോഴ്‌സിനുംകൂടി ക്രെഡിറ്റ് നല്‍കും. വിദേശത്ത് ജോലി ചെയ്യുന്നവരുടെ അക്കാദമിക പരിചയവും അറിവും നൈപുണ്യവും നമ്മുടെ കലാലയങ്ങളില്‍ ബിരുദപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന തുറസ്സും ഇതോടെ ഉണ്ടാകും. ആ നിലയ്ക്ക് ‘ബ്രെയിന്‍ ഗെയിന്‍’ പദ്ധതികൂടി കൂടുതല്‍ ഫലപ്രദമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലൂടെ നിറവേറ്റപ്പെടും.
യുജിസി നിര്‍ദേശം പരിശോധിക്കും

Read more

സംസ്ഥാനത്ത് നിലവില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ബിരുദ പ്രോഗ്രാമുകള്‍ നടത്തുന്ന അഫിലിയേറ്റിങ് സര്‍വകലാശാലകളായ കേരള, ഗാന്ധി, കലിക്കറ്റ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മുഴുവന്‍ കോളേജുകളിലും ഈ അധ്യയനവര്‍ഷംമുതല്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കും. കൂടാതെ, കാലടി, കേരള സര്‍വകലാശാലകളുടെ ക്യാമ്പസ് പഠനവകുപ്പുകളിലും തുടങ്ങും. കണ്ണൂര്‍, മഹാത്മാഗാന്ധി, കൊച്ചിന്‍ സര്‍വകലാശാലകള്‍ അവരുടെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളെ നാലാംവര്‍ഷം ഓണേഴ്സ് ബിരുദം നല്‍കുന്ന രീതിയില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി രാജ്യത്താദ്യമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാം വിദൂരവിദ്യാഭ്യാസരീതിയില്‍ നല്‍കും.
നിലവില്‍ മൂന്നുവര്‍ഷ ബിരുദം പഠിക്കുന്നവരെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിലാണ് കേരളം നാലുവര്‍ഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നത്. നിലവില്‍ മൂന്നുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണേഴ്സ് ബിരുദത്തിന് അവസരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവില്‍ മൂന്നുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണേഴ്സ് പഠനത്തിലേക്ക് മാറാന്‍ ആവശ്യമായ അവസരം നല്‍കണമെന്ന് സര്‍വകലാശാലകളോട് യുജിസി നിര്‍ദേശിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പരിശോധിക്കുമെന്നും ആര്‍ ബിന്ദു പറഞ്ഞു.