'വെള്ളാപ്പള്ളിയുടേത് വര്‍ഗീയ മനസ്സിന്റെ പ്രതികരണം’; ദൈവശാസ്ത്രം പഠിപ്പിക്കാനല്ല ശ്രീനാരായണഗുരു സർവകലാശാലയെന്ന് ഫസൽ ഗഫൂർ

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി ഡോ.മുബാറക്ക് പാഷയെ നിയമിച്ചതിനെതിരെ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ എംഇഎസ് (മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി) പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. വെള്ളാപ്പള്ളിയുടെ വര്‍ഗീയ മനസ്സാണ് ഇതിലൂടെ തുറന്ന് കാണിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ കുറ്റപ്പെടുത്തി. സര്‍വകലാശാല വിസി സ്ഥാനത്തേയ്ക്ക് ശ്രീനാരായണീയരെ പരിഗണിച്ചില്ല എന്ന് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ദൈവശാസ്ത്രം (തിയോളജി) പഠിപ്പിക്കാനല്ല ശ്രീനാരായണ ഗുരു സര്‍വകലാശാല സ്ഥാപിച്ചതെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞു. യോഗ്യതയുള്ള ആരെയും വിസിയായി നിയമിക്കാം. അക്കാദമിക്ക് രംഗത്തും ഭരണനിർവഹണത്തിലും കഴിവ് തെളിയിച്ചയാളാണ് മുബാറക്ക് പാഷ. ഏതെങ്കിലും മത- സമുദായ സംഘടനകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല, മുബാറക്ക് പാഷയെ വിസിയായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. കേരളത്തില്‍ നിലിവിലുള്ള 15 സര്‍വകലാശാല വിസിമാരില്‍ മുബാറക്ക് പാഷ മാത്രമാണ് മുസ്ലിം എന്നും ഇതെങ്ങനെ സാമുദായിക പ്രീണനമാകുമെന്നും ഫസല്‍ ഗഫൂര്‍ ചോദിച്ചു.

Read more

സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് ശ്രീനാരായണീയരെ പരിഗണിച്ചില്ല. മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് വിസിയാക്കാന്‍ മന്ത്രി കെടി ജലീല്‍ വാശി പിടിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചേതോവികാരം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. നവോത്ഥാനം മുദ്രാവാക്യമായ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്കാരമാണ് ഇടതുപക്ഷത്തിന്റേത് – എന്നെല്ലാമാണ് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞത്.