കോട്ടയം ഡി.സി.സി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

എ കെ ജി സെന്ററിലെ സ്ഫോടനത്തിന് പിന്നാലെ കോട്ടയം ഡി സി സി ഓഫീസിന് നേരെ അക്രമമുണ്ടായ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുന്‍, അംഗങ്ങളായ വിഷ്ണു ഗോപാല്‍, വിഷ്ണു രാജേന്ദ്രന്‍, അരുണ്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡി സി സി ഓഫീസ് ആക്രമിച്ചതിനു പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നത് വലിയ വിവാദമായിരുന്നു.

നിയമസഭയില്‍ ഇതെല്ലാം ചര്‍ച്ചക്ക് വരാനിരിക്കെയാണ് അറസ്റ്റുണ്ടായത്. കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഓഫീസിനു പോലീസ് കാവല്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രകടനമായി എത്തിയ സംഘം കല്ലുകളും തീപന്തങ്ങളും ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു.