കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരെ പിടികൂടി പൊലീസ്. ശബരിമല സന്നിധാനത്ത് നിന്നാണ് പൊലീസ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള രണ്ടുപേരെ മോഷണ ശ്രമത്തിനിടെ പിടികൂടിയത്. തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് സന്നിധാനത്ത് നിന്ന് പൊലീസ് പിടികൂടിയത്.
സംസ്ഥാനത്ത് കുറുവ സംഘത്തിന്റെ മോഷണങ്ങള്‍ വ്യാപകമാകുന്നതിനിടയിലാണ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരെ ശബരിമലയില്‍ പിടികൂടിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം ലക്ഷ്യമാക്കി മോഷണത്തിനെത്തുന്നവരുടെയും നേരത്തെ കേസുകളില്‍പ്പെട്ട് പൊലീസിനെ കബളിപ്പിച്ച് നടക്കുന്നവരുടെയും രേഖകള്‍ പൊലീസിന്റെ പക്കലുണ്ടാകുന്നത് സാധാരണയാണ്.
കഴിഞ്ഞ ദിവസം കറുപ്പ് സ്വാമിയെയും വസന്തിനെയും പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെ ഇവര്‍ ജോലിക്കെത്തിയതാണെന്ന് പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ പക്കല്‍ അതിനുള്ള രേഖകളൊന്നും ഇല്ലെന്ന് പൊലീസ് കണ്ടെത്തിയതോടെ ശബരിമലയില്‍ നിന്ന് തിരികെ പോകാന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇരുവരും മടങ്ങിയില്ല, പകരം കാടിനുള്ളില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് കാടിനുള്ളിലിരുന്ന് മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇരുവരെയും പിടികൂടി. നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ ഇരുവരും. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കും.
Read more
തമിഴ്നാട്ടില്‍ മോഷണം തൊഴിലായി കണക്കാക്കുന്ന ചില ഗ്രാമങ്ങളുണ്ട്. തിരുട്ട് ഗ്രാമങ്ങളെന്ന പേരിലാണ് ഇത്തരം ഗ്രാമങ്ങള്‍ അറിയപ്പെടുന്നത്. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടാലും മോഷണം തങ്ങളുടെ കഴിവും കുലത്തൊഴിലുമായി കരുതുന്നവരാണ് ഇക്കൂട്ടര്‍.