'ആനകളിൽ പ്രകോപനമുണ്ടാക്കും'; സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്

കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കുള്ള സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച് വനംവകുപ്പ്. മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചിരിക്കുന്നത്. മാട്ടുപ്പെട്ടി ഡാം മേഖല ആനകളുടെ വിഹാരകേന്ദ്രമെന്നും, ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നുമാണ് വനം വകുപ്പ് അറിയിച്ചത്.

ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.

അതേസമയം സീപ്ലെയിനിന്റെ ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. ഏകദേശം അരമണിക്കൂർ കൊണ്ട് വിമാനം മാട്ടുപ്പെട്ടിയില്‍ ഇറങ്ങി.