നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തെ തുടര്‍ന്ന് നാളെ എറണാകുളത്ത് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഞങ്ങള്‍ അതിജീവിതയ്‌ക്കൊപ്പം കൂട്ടായ്മ. മുന്‍ ഡിജിപിക്ക് എതിരെ പൊലീസ് കേസെടുക്കാത്തതില്‍ ഒത്തുകളി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്നും മനുഷ്യാവാകാശ പ്രനര്‍ത്തകയും പ്രൊഫസറുമായ കുസുമം ജോസഫ് പറഞ്ഞതായി ട്വന്റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. വിവാദ പരാമര്‍ശം നടത്തിയ ശ്രീലേഖയുടെ പെന്‍ഷന്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു. അതേസമയം ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. വീഡിയോയില്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഗൗരവമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗിക പീഡനം നടത്തി ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമര്‍ശം ഗൗരവമേറിയതാണ്. ഉന്നത പദവിയിലിരുന്ന ഒരാള്‍ക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പൊലീസ് വിലയിരുത്തി.
പരാതിക്കാര്‍ കോടതിയെ സമീപിച്ചാല്‍ കേസെടുക്കാന്‍ ഉത്തരവിട്ടേക്കുമെന്നും പൊലീസ് പറയുന്നു. ഇതേ തുടര്‍ന്ന് കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശവും തേടിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രൊഫ. കുസുമം ജോസഫിന്റെ പരാതിയിലാണ് തൃശൂര്‍ റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.
Read more
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് പരാതി നല്‍കിയത്. ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയതെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു.