കൊച്ചിയിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളില്ലെന്ന് റിപ്പോർട്ട്. ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് മൂന്ന് പേർ മരിച്ച അപകടമുണ്ടായത്. തുടർന്ന് പൊലീസ് ഹോട്ടലിൽ എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം പിടികൂടുകയായിരുന്നു.
എന്നാൽ വാഹനപകടത്തിന് പിറ്റേന്ന് ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അപകടസമയത്ത് ഡ്രൈവർ അബ്ദുൽ റഹമാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ പൊലീസ് ഹോട്ടലിലെ ദൃശ്യങ്ങൾ ശേഖരിച്ചത്.
അപകടത്തിൽപ്പെട്ട വാഹനം ഹോട്ടലിൽ നിന്നും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയ വഴികളും അന്വേഷിക്കും. പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദു റഹമാന് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
Read more
കാർ അപകടത്തിലാണ് മുൻ മിസ് കേരള ആൻസി കബീർ, മിസ് കേരള റണ്ണറപ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ.എ മുഹമ്മദ് ആഷിക് എന്നിവർ മരിച്ചത്. ബൈപ്പാസ് റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.