ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.അല്ലെങ്കില്‍ വിശ്വാസികള്‍ക്കെതിരായ സര്‍ക്കാരിന്റെ പ്രതികാരമായി കാണേണ്ടിവരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതില്‍ ഏറിയ ഭാഗവും.
സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതില്‍ ഉള്‍പ്പെടും. ഇതിലും വളരെ ഗൗരവമേറിയ കേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം.
Read more
വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ എന്‍എസ്എസ് നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.