ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ ഷാബിനും നിര്‍മ്മാതാവായ സിറാജുദ്ദീനും പിടിയില്‍. ഇന്നലെ രാത്രിയാണ് ഷാബിനെ കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിന്‍. പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
കടത്താനുപയോഗിച്ച സ്വര്‍ണത്തിന് പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമാണെന്നാണ് കണ്ടെത്തല്‍.
സിറാജുദ്ദീനും, ഷാബിനും പുറമേ എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ് എന്നിയാളാണ് പ്രതി. പ്രതികള്‍ മൂവരും മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഷാബിന് വേണ്ടി വിദേശത്ത് നിന്ന് സ്വര്‍ണം അയച്ചിരുന്നത് സിറാജുദ്ദീനാണെന്നാണ് കസ്റ്റംസ് പറഞ്ഞത്.
ഷാബിന്റെ പാസ്പോര്‍ട്ട് കസ്റ്റംസ് കണ്ടു കെട്ടിയിരുന്നു.സംഭവത്തില്‍ കഴിഞ്ഞ ദിവസം സിറാജുദ്ദീന്റെ വീട്ടിലും ഇബ്രാഹിംകുട്ടിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാര്‍ഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. പാര്‍സല്‍ ഏറ്റെടുക്കാന്‍ എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രമെത്തിയത്.
Read more
ഇത് വാങ്ങാനെത്തിയ നകുല്‍ എന്നയാളുമായും ഈ സ്ഥാപനവുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.