സ്വർണക്കള്ളക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വർണക്കള്ളക്കടത്തുകേസിന്റെ ഭീകരവാദബന്ധം ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവപൂർണമായിരിക്കുകയാണ്. എന്തുതരം കുറ്റവാളികളെയാണ് മുഖ്യമന്ത്രിയും കേരള സർക്കാരും സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണം.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എൻ.ഐ.എ അന്വേഷണം ഈ കേസിന്റെ എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു .
ഈ കേസിന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും തുടക്കം മുതൽ കോൺഗ്രസും, യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്.
Read more
കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.