സംസ്ഥാനത്തെ നഗരസഭകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം; 137.16 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ നഗരസഭകള്‍ക്ക് 137.16 കോടി രൂപകൂടി അനുവദിച്ചവെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക ലഭ്യമാക്കുന്നത്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാസാദ്യം 1960 കോടി രൂപകൂടി അനുവദിച്ചിരുന്നു.

മെയിന്റന്‍സ് ഗ്രാന്റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറല്‍ പര്‍പ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷന്‍ ഹെല്‍ത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന്‍ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രുപ എന്നിവയാണ് അനുവദിച്ചത്.

Read more

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 928.28 കോടി രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 74.83 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.09 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.12 കോടിയും, കോര്‍പറേഷനുകള്‍ക്ക് 59.74 കോടിയും വകയിരുത്തി. മെയിന്റന്‍സ് ഗ്രാന്റില്‍ റോഡിനായി 529.64 കോടി രുപയും, റോഡിതിര വിഭാഗത്തില്‍ 847.42 കോടി രുപയുമാണ് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 5815 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചത്.