അവർ എങ്ങനെയാണ് നിങ്ങള്‍ക്ക് 'പൊതുമുതല്‍' ആവുന്നത്; ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു; അപര്‍ണയെ പിന്തുണച്ച് ഫാത്തിമ തെഹ്ലിയ

നടി അപര്‍ണ ബാലമുരളിയോട് എറണാകുളം ലോ കോളജ് യൂണിയന്‍ ഉത്ഘാടനവേദിയില്‍ വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഒരിക്കല്‍ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കില്‍ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്‌പേസിലേക്ക് നിങ്ങള്‍ക്കെങ്ങനെ കയറിചെല്ലാന്‍ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങള്‍ക്ക് ‘പൊതുമുതല്‍’ ആവുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും (ശിശോമലേ ടുമരല) ഇഷ്ട്മില്ലാതെ ഒരാളേയും കയറാന്‍ ഞാന്‍ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചു പുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനര്‍ത്ഥം അതെളുപ്പമാണെന്നല്ല. പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വയം പരിക്കേല്‍പ്പിക്കാതെ അങ്ങനെ പ്രവര്‍ത്തിക്കല്‍ പോലും അസാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. നമ്മുടെ പെണ്‍കുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഒരിക്കല്‍ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കില്‍ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്‌പേസിലേക്ക് നിങ്ങള്‍ക്കെങ്ങനെ കയറിചെല്ലാന്‍ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങള്‍ക്ക് ‘പൊതുമുതല്‍’ ആവുന്നത്?

Read more

അപരന്റെ ഇഷ്ടവും താല്‍പ്പര്യവും പരിഗണിക്കാതെ ‘എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാന്‍ കഴിയുക’ എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്. വ്യക്തികളുടെ അടുപ്പങ്ങളും താല്‍പ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോല്‍ മനുഷ്യന്റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണത്. എല്ലാം നോര്‍മലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോള്‍ മാനിക്കാണ്?