സജി ചെറിയാന്റെ മന്ത്രിസഭ പ്രവേശനം; ഉടക്കി ഗവര്‍ണര്‍; തിരിച്ചെടുക്കുന്നതില്‍ നിയമോപദേശം തേടി

ജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്് തിരിച്ചെടുക്കുന്നതില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിനോടാണ് നിയമോപദേശം തേടിയത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല കോടതിയില്‍ കേസ് നില നില്‍ക്കുന്നുണ്ട്. അതിനാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും സത്യപ്രതിജ്ഞയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുക. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് സമയം തേടി രാജ്ഭവന് സര്‍ക്കാര്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്.

അതേസമയം, മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍ തിരിച്ചെത്തുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് തീരുമാനമെടുത്തതെന്ന് അദേഹം പറഞ്ഞു. ജനുവരി നാലിന് സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ടാം പിണറായി മന്ത്രിസഭയില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രിയായിരുന്നു സജി ചെറിയാന്‍. ഭരണഘടനയെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റ പേരിലാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

ജൂലൈ 3ന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവെയ്ക്കുയായിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.

ഇ പി ജയരാജനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയമാണത്’ എന്നായിരുന്നു മറുപടി. പാര്‍ടി സംസ്ഥാന കമ്മിറ്റി പല വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതില്‍ നിങ്ങളോട് പറയേണ്ടത് പറയും. യോഗത്തിന്റെ നടപടിക്രമങ്ങളാകെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം പറഞ്ഞു.