ദത്ത് കേസിലെ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാതെ സർക്കാർ; തുടർ സമരപരിപാടി അനുപമ ഇന്ന് പ്രഖ്യാപിക്കും

കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും ദത്ത് കേസിലെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമരപരിപാടി അനുപമ ഇന്ന് പ്രഖ്യാപിക്കും. സമരസമിതിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക.

അതേസമയം അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തിലെ ആരോപണവിധേയര്‍ക്കെതിരെ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാരും ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയും സംഭവത്തിൽ മൗനം തുടരുകയാണ്.

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. വഞ്ചിയൂർ കുടുംബകോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം.

Read more

ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു വനിത ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് ഷിജു ഖാൻ അടക്കമുള്ള കുറ്റക്കാരെ സംരക്ഷിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നടപടി വൈകുന്ന സാഹചര്യത്തില്‍ സമര മാർഗ്ഗങ്ങളിലൂടെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാകും പ്രതിപക്ഷത്തിന്റെ ശ്രമം.