എറണാകുളത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചു കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ നാരായണനാണ് ഭാര്യയേയും മക്കളെയും കൊന്നതിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം നാരായണന്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജയയും മക്കളും മരിച്ചിരുന്നു. പൂക്കച്ചവടക്കാരനായ നാരായണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ എന്നാണ് സൂചനകള്‍.

Read more

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും നാരായണന്‍ പുതുവത്സരാശംസകള്‍ നേര്‍ന്ന് മെസേജ് അയച്ചിരുന്നു. അതിന് പിന്നാലെ ‘സോറി’ എന്നും സന്ദേശം അയച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നാരായണന്റെ സഹോദരന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സംശയമുണ്ടാകുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.