മലപ്പുറത്ത് നിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

മലപ്പുറത്ത് നിന്ന് വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് വിഷ്ണുജിത്തിനെ പൊലീസ് കണ്ടെത്തിയത്. വിഷ്ണു സുരക്ഷിതനായി പൊലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മലപ്പുറം എസ്പിഎസ് ശശിധരൻ പ്രതികരിച്ചു. ഈ മാസം നാലിനാണ് വിഷ്ണുവിനെ കാണാതായത്.

ഊട്ടിയിലെ കൂനൂരിൽവെച്ച് ഒരു തവണ വിഷ്ണുവിന്റെ ഫോൺ ഓണായെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. സെപ്റ്റംബർ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങൾക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തിൽനിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.

സെപ്റ്റംബർ നാലിന് രാത്രി 7.45ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ വിഷ്ണുജിത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിലും നടത്തിയിരുന്നു. ഇതിനിടെ നാലാം തീയതി രാത്രി വിഷ്ണുജിത്ത് വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുജിത്ത് സംഭവ ദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടർന്ന് പാലക്കാട്ടേക്ക് തിരികെ ബസിൽ മടങ്ങിയെന്നുമായിരുന്നു സുഹൃത്തായ ശരത്തിന്റെ മൊഴി.

Read more