പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനിടെ കെ.എസ്.യു-യൂത്ത്കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; കെ.എസ്.യു ജില്ല സെക്രട്ടറിക്ക് കുത്തേറ്റു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനചടങ്ങിനിടെ പ്രവർത്തകർക്കിടയിൽ ഉണ്ടായ വാക്കുതർക്കം കൈയാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. വ്യാഴാഴ്​ച രാത്രി 8.30നാണ്​ സെക്രട്ടറിയേറ്റിന്​ സമീപം കെ.എസ്.യു-യൂത്ത്കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് അടിപിടിയുണ്ടായത്.

സംഘട്ടനത്തിൽ കെ.എസ്.യു ജില്ല സെക്രട്ടറി ആദേഷിനു കുത്തേറ്റു. പ്രവർത്തകനായ നജീമിനു തലയ്ക്ക് അടിയേറ്റതായും ആരോപണമുണ്ട്. ഫെയ്സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണു സൂചന.

കുത്തിപ്പരുക്കേൽപ്പിച്ചയാളെ ആദേഷ് തിരിച്ചറിഞ്ഞതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നബീലാണ് കുത്തിയതെന്നാണു പരാതി.