പീഡന പരാതി; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

പീഡന പരാതിയില്‍ സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മൂന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡന കേസിലാണ് കോടതി ഉത്തരവ്.

2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. അതേസമയം ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിലാണ് ജാമ്യം അനുവദിച്ചത്.

പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രന്‍ അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സന്ദേശങ്ങള്‍ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക് ചന്ദ്രന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം. പീഡന പരാതി വ്യാജമാണെന്നാണെന്നും സിവിക് ചന്ദ്രന്‍ വാദിച്ചു.