ഈ ഹര്‍ത്താല്‍ നിയമവിരുദ്ധം; ഇടുക്കിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നോട്ടീസ്

ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമാക്കവേ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏഴു ദിവസം മുന്‍പ് ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന നോട്ടിസ് നല്‍കണം എന്ന് നിര്‍ദേശം ഉണ്ട്. ഇത് പാലിക്കാതെ ഹര്‍ത്താല്‍ നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഹര്‍ത്താലില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം സമരം നടത്തുന്നവര്‍ക്കാണെന്ന് നോട്ടീസില്‍ പറയുന്നു.

ഹര്‍ത്താലിന്റ ഭാഗമായി പവര്‍ ഹൗസ് ഭാഗത്ത് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുകയാണ്. കെ എസ് ആര്‍ ടി സി ബസ് പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി. മൂന്നാര്‍ തേക്കടി ദേശീയ പാതയിലും വാഹനങ്ങള്‍ തടയുകയാണ്. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ കോടതി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ ഹര്‍ത്താല്‍. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍.

മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സര്‍ക്കാരിന്റെ ശ്രമം.

Read more

കൊമ്പന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തില്‍ കഴിയുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍, പൂപ്പാറ മേഖലകളിലെ പ്രദേശവാസികള്‍ വലിയ പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, ചിന്നകനാല്‍, ഉടുമ്പന്‍ചോല തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.