കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വിദേശത്തേക്ക് ഹവാല പണം ഒഴുകി, സതീഷ്‌കുമാര്‍ 500 കോടി വെളുപ്പിച്ചുവെന്ന് ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്‌കേസില്‍ വിദേശത്തേക്ക് ഹവാല ഇടപാട് നടന്നതായി ഇഡി വിചാരണ കോടതിയില്‍ വ്യക്തമാക്കി. കേസിലെ ഒന്നാംപ്രതി പി സതീഷ്‌കുമാര്‍ ആണ് ഇടപാടിന് നേതൃത്വം നല്‍കിയത്. സതീഷ്‌കുമാറിന്റെ ബഹ്‌റിനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലേക്ക് ഹവാല നെറ്റ്‌വര്‍ക്ക് വഴി പണം കടത്തിയതായി ഇഡി വെളിപ്പെടുത്തി. ഇത് കൂടാതെ സഹോദരന്‍ ശ്രീജിത്ത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരില്‍ സതീഷ്‌കുമാര്‍ കോടികള്‍ നിക്ഷേപിച്ചെന്നും ഇതിന് പുറമേ സുഹൃത്തുക്കളുടെ പേരില്‍ പണം നിക്ഷേപിച്ചതായും ഇഡി കോടതിയെ അറിയിച്ചു.

സതീഷ്‌കുമാറിന് വിദേശത്ത് സ്‌പെയര്‍പാര്‍ട്‌സ് കടയും സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസുമുണ്ടെന്ന് ഇഡി വ്യക്തമാക്കി. ഇയാള്‍ പണം വിദേശത്തേക്കും തിരികെയും ഒഴുകിയെന്നും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഹവാല ഇടപാടില്‍ സഹായികളാണെന്നും കോടതിയെ അറിയിച്ചു. ഇയാളുടെ വിദേശ ബന്ധം അന്വേഷിക്കണമെന്ന് ഇഡി കോടതിയെ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാര്‍ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കിന് പുറമേ അയ്യന്തോള്‍ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകള്‍ വഴിയും സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡിക്ക് വിവരം ലഭിച്ചിരുന്നു.

Read more

ഇതേ തുടര്‍ന്നാണ് തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളില്‍ പരിശോധന നടത്തിയത്. വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 കോടി രൂപയുടെ രേഖകളാണ് ഇഡി കണ്ടെത്തിയത്.