അഴിമതി ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, തെളിവുകള്‍ ഉണ്ടെന്ന് ഡോ. പ്രഭുദാസ്

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്. ആരോഗ്യമന്ത്രിക്കെതിരെയടക്കം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ പ്രഭുദാസിനെ സ്ഥലം മാറ്റിയിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഭരണസൗരക്യാര്‍ത്ഥമാണ് നടപടിയെടുത്തത് എന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി നല്‍കിയ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്‌മാനാണ് ഇപ്പോള്‍ കോട്ടത്തറ ആശുപത്രിയുടെ ചുമതല.

കോട്ടത്തറ ആശുപത്രിയില്‍ എച്ച്എംസി അംഗങ്ങള്‍ അഴിമതി നടത്തിയെന്ന ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഭുദാസ് വ്യക്തമാക്കി. അന്വേഷണം വന്നാല്‍ തെളിവുകള്‍ നല്‍കും. ആശുപത്രി നന്നാക്കാനാണ് താന്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ എന്ത് ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ശിശു മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അട്ടപ്പാടിയിലേക്ക് തിരിഞ്ഞു നോക്കുന്നതെന്ന് അദ്ദേഹം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കാന്‍ എത്തിയതിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി പ്രഭുദാസ് രംഗത്തെത്തിയിരുന്നു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി അട്ടപ്പാടിയിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവിന് മുമ്പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാണ് മന്ത്രിക്ക്. ആശുപത്രിയിലെ ആവശ്യങ്ങള്‍ വ്യക്തമാക്കി പല തവണ കത്ത് നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നു. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാണ് തന്നെ മാറ്റി നിര്‍ത്തിയത്.

Read more

അതേസമയം തന്നെ മാറ്റി നിര്‍ത്തിയതില്‍ വിഷമമില്ലെന്നും, ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും പ്രഭുദാസ് പറഞ്ഞു. സേവനകാലത്ത് അവഗണനയും മാറ്റി നിര്‍ത്തലും നേരിട്ടിരുന്നു. ഇതെല്ലാം പ്രതീക്ഷിച്ച് തന്നെയാണ് ജോലിക്ക് വന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രഭുദാസ് വ്യക്തമാക്കി.